ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്സികിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യാഷ് നായകനാകുന്ന ഈ ചിത്രത്തിൽ കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്.
സുദേവിന്റെ കരിയറിൽ വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് ടോക്സിക്കിലേത് എന്നാണ് വിലയിരുത്തൽ.
സുദേവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻടിആർ നായകനായ ദേവര, പവൻ കല്യാണിന്റെ ‘ഒജി’, ചിരഞ്ജീവി ചിത്രം ‘മന ശങ്കര വീര പ്രസാദ് ഗാരു’ എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് ‘ടോക്സിക്കി’ന്റെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. ഏറെ ആഴവും സങ്കീർണതയും നിറഞ്ഞ കഥാപാത്രമാണ് സുദേവിന്റേത് എന്നാണ് സൂചനകൾ.
‘കെജിഎഫ്’ ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള, ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് ‘ടോക്സിക്’. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ ‘ഡാർക്ക് ഫെയറി ടെയിലിൽ’ സംഗീതം ഒരുക്കുന്നത് രവി ബസ്രൂർ ആണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. 2026 മാർച്ച് 19-നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.